1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്.

1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം കണ്ടത്. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. ഒട്ടും വൈകിയില്ല, ഇന്ത്യൻ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ഓപ്പറേഷൻ വിജയ്.

ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്റഎ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയൻപട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിൻറ്, ടൈഗർഹിൽ… തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യൻ പാതക വീണ്ടും ഉയർന്നു പാറി. കാർഗിലിൽ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടർന്നു.

84 ദിവസങ്ങൾ നീണ്ട ആ മഹായുദ്ധത്തിൽ 527 ധീരജവാന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. കൺമുന്നിൽ കണ്ട മരണത്തിനും മീതെ മാതൃരാജ്യത്തിന്റെ മാനത്തിന് വിലകൽപ്പിച്ച 527 ധീരന്മാർ.