ദില്ലി: ബിജെപിയുമായുള്ള തന്‍റെ പാര്‍ട്ടിയുടെ സഖ്യം അവസാനിച്ചിച്ചെന്ന് ശിരോമണി അകാലിദള്‍ (എസ്‌എഡി) പ്രസിഡന്റ് സുഖ്‌ബീര്‍ സിംഗ് ബാദല്‍. ബിജെപിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് ഒരു ദേശീയ മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തന്റെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പാര്‍ട്ടിക്ക് കര്‍ഷകരുടെ വിഷയങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ ബിജെപിയുമായുള്ള പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഖ്യം വിച്ഛേദിക്കുകയാണെന്നും സുഖ്‌ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. “എസ്‌എഡി ഒരു കര്‍ഷക പാര്‍ട്ടിയാണ്, അവരുടെ പ്രശ്നങ്ങള്‍ നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണ്. എന്ത് സംഭവിച്ചാലും എന്ത് വിലകൊടുത്തും ഞങ്ങള്‍ ഈ നിയമങ്ങള്‍ പഞ്ചാബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, “ബാദല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബാദലിന്റെ ഭാര്യയും പാര്‍ട്ടി എംപിയുമായ ഹര്‍സിമ്രത്ത് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിരോമണി അകാലി ദളിന്‍റെ ഇത്തരമൊരു പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ശിരോമണി അകാലി ദളും എഎപിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകളും പുരോഗമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.