ജി സുധാകരന് എതിരെ സിപിഐഎം രണ്ടംഗ കമ്മീഷന് മുന്നില്‍ പരാതി പ്രവാഹം. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും പരാതിയുമായി എത്തി. ജി സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവരും എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ ജി സുധാകരനെ പിന്തുണച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

60തോളം പേര്‍ ഇന്ന് മൊഴി നല്‍കിയതില്‍ 15 പേര്‍ മാത്രമാണ് ജി സുധാകരന് പിന്തുണ നല്‍കിയത്. ജി സുധാകരന് വീഴ്ച പറ്റിയെന്ന് ഭൂരിപക്ഷവും കരുതുന്നു. നിലവില്‍ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ഉള്ളത് ജി സുധാകരന്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ്.

ആലപ്പുഴ- അമ്പലപ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റികളിലെ അംഗങ്ങളും ജി സുധാകരനെ പിന്തുണച്ചില്ല. വികസന രേഖ ഉണ്ടാക്കിയതിലും നേതാവിന് വീഴ്ച പറ്റിയെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടില്‍ ഇടപെടല്‍ നടത്തിയില്ലെന്നും നേതൃത്വം നല്‍കിയില്ലെന്നും കുറ്റപ്പെടുത്തല്‍. അതേസമയം പാര്‍ട്ടി നോട്ടിസ് നല്‍കാത്ത ആളുകളും പരാതി നല്‍കാനെത്തി. എഴുതി തയ്യാറാക്കിയ പരാതിയുമായാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ എത്തിയത്.