ബിഹാറിലെ മുസാഫർനഗറിൽ ദുരഭിമാനക്കൊല. കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ച പതിനേഴുകാരൻ മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനടക്കം നാല് പേർ അറസ്റ്റിൽ. മൃതദേഹം കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ സംസ്കരിച്ചതോടെ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമായി. കൊലപതാകം നടന്ന സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്.

പതിനേഴുകാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് മരണപ്പെട്ടത്. സൗരഭിനെ കാമുകിയുടെ സഹോദരൻ സുശാന്ത് പാണ്ഡെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ വീട്ടിലെത്തിയ സൗരഭിനെ സുശാന്തും മറ്റ് മൂന്ന് ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ​ഗുരുതരമായി പരിക്കേറ്റ് സൗരഭ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൗരഭിന്റെ മരണത്തെ തുട‍ർന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേ‍ർന്ന് മൃതദേഹം സുശാന്ത് പാണ്ഡെയുടെ വീട്ടിലേക്ക് എത്തിക്കുകയും വീട്ടുമുറ്റത്ത് വച്ച് മൃതദേഹം ചിതയൊരുക്കി സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ സുശാന്ത് പാണ്ഡെയേയും ഇയാളുടെ മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷാവസ്ഥയെ തുട‍ർന്ന് കൊലപാതകം നടന്ന രാംപുർ സാഹ് ​ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

സൗരഭും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ഇരുവീട്ടുകാരും എതിർത്തതോടെ ഞങ്ങൾ സൗരഭിനെ ​ഗ്രാമത്തിന് പുറത്തേക്ക് മാറ്റി. സഹോദരിയുടെ വിവാഹത്തിനായാണ് അവൻ ഇവിടേക്ക് തിരിച്ചെത്തിയത്. അവനെ പെൺകുട്ടിയുടെ സഹോദരൻ വിളിച്ചു വരുത്തി മ‍ർദ്ദിച്ചു കൊലപ്പെടുത്തകയായിരുന്നു. മ‍ർദ്ദനമേറ്റ് മരിക്കാനായ എൻ്റെ മകനെ കൊണ്ടു പോകാൻ അവർ എന്നേയും വിളിച്ചു വരുത്തി പെൺകുട്ടിയുടെ സഹോദരൻ എൻ്റെ തലയിൽ തോക്ക് ചൂണ്ടി സൗരഭിനെ ജീവനോടെയാണ് കൊണ്ടു പോകുന്നതെന്ന് എഴുതി വാങ്ങിച്ചു – സൗരഭിൻ്റെ പിതാവ് വാർത്ത ഏജൻസിയെ അറിയിച്ചു.