കൊച്ചിയിൽ ചോർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള ഐഎൻഎൽ യോഗം നേരത്തേ തന്നെ വിവാദമായിരുന്നു. സെൻട്രൽ പൊലീസ് നൽകിയ നോട്ടിസ് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. പാർട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു കാട്ടുന്നതായിരുന്നു യോഗത്തിലെ സംഭവ വികാസങ്ങൾ. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളോട് നിങ്ങൾ ഏത് പാർട്ടിക്കാരാണെന്നും പാർട്ടിയെ പൊളിക്കാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചതായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. ഇതേ തുടർന്ന് തർക്കവും വാക്കേറ്റവും ഉടലെടുത്തു. സംഘർഷം ഹോട്ടലിന് പുറത്തേക്ക് നീണ്ടതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. അസിസ്റ്റന്റ് കമ്മിഷണർ എത്തിയ ശേഷമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുറത്തിറങ്ങാൻ തയ്യാറായത്. യോഗം പിരിച്ചുവിട്ടു എന്നല്ലാതെ മറ്റൊന്നും പറയാൻ മന്ത്രി തയ്യാറായില്ല.