ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയാൻ ഊർജ്ജിത ശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും (ഇ.സി.ഡി.സി.). യൂറോപ്യൻ മേഖലയിൽ കൊവിഡിന്റെ ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആഹ്വാനം.

ജൂൺ 12 മുതൽ ജൂലൈ 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പിലെമ്പാടും ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ഇ.സി.ഡി.സി.യും വ്യക്തമാക്കി.

മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഡെൽറ്റാ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതി വേഗം വ്യാപിക്കുന്ന ഡെൽറ്റാ വകഭേദം കാരണം കൊറോണ കേസുകളുടെ എന്നതിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന യൂറോപ്യൻ മേഖലയുടെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് പറഞ്ഞു, നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോൾ വരും മാസങ്ങളിൽ വ്യാപനം രൂക്ഷമാകാനാണ് സാധ്യത.

വാക്‌സിൻ സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകൾ ഇനിയും വാക്‌സിൻ എടുക്കാത്തത് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കൂട്ടും. എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗ വിപണനവും മരണ നിരക്കും കുറയ്ക്കാൻ സാധിക്കുമെന്ന് ക്ലൂഗ് കൂട്ടിച്ചേർത്തു.

വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ ജാഗ്രത പാലിക്കുകയും സാമാന്യബോധം പുലർത്തുന്നത് തുടരുകയും ചെയ്യണമെന്ന് ഇ.സി.ഡി.സി. ഡയറക്ടർ ആൻഡ്രിയ അമ്മോൺ പറഞ്ഞു. എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും കൂടാതെ സാമൂഹിക അകലം, കൈകൾ കഴുകൽ, കൂട്ടം കൂടുന്നത് ഒഴിവാക്കൽ, മാസ്ക് ധരിക്കൽ എന്നിവ കൃത്യമായി പാലിക്കണമെന്ന് ആൻഡ്രിയ അമ്മോൺ ആവശ്യപ്പെട്ടു.