കരുവന്നൂരിന് സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് പാലക്കാടും. കോൺഗ്രസ് ഭരിക്കുന്ന കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ്. ക്രമക്കേടിന് ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർ പാലക്കാട് ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി രണ്ട് മാസമായിട്ടും ഒരു ഇടപെടലും ഉണ്ടായിട്ടില്ല.

കണ്ണാടി പഞ്ചായത്തിലെ കണ്ണന്നൂരിൽ പ്രവർത്തിക്കുന്ന കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടി സഹകരണസംഘം രജിസ്ട്രാർ പാലക്കാട് ജോയിൻറ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നു.

ഗുരുതരക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ ക്രിമിനൽ നടപടി സ്വീകരിച്ചുകൊണ്ട് ഉടൻ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. കഴിഞ്ഞ ഏപ്രിൽ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ ഒരുനടപടിയുമുണ്ടായില്ല. 4 കോടി എൺപത്തിയഞ്ച് ലക്ഷം രൂപയുടെ അഴിമതിയാണ് സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ കണ്ടെത്തിയത്.

ഈ തുക മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണമെന്ന് സഹകരണജോയിന്റ് രജിസ്ട്രാർക്ക് ശുപാർശ നൽകിയിരുന്നു. വായ്പാ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചു നൽകാതിരിക്കൽ, രേഖകളില്ലാതെ വായ്പ അനുവദിക്കൽ, അപേക്ഷകർ അറിയാതെ വായ്പ പുതുക്കൽ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സൊസൈറ്റ് പ്രസിഡന്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ എൻ വിനേഷിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതി പിരിച്ചുവിട്ടുവെങ്കിലും ഇയാളുടെ ബിനാമികളാണ് ഇപ്പോഴും സഹകരണസംഘം ഭരിക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം. ബാങ്കിൽ പൂർണസമയം വിനേഷിന്റെ സാന്നിധ്യമുണ്ട്.

വിനേഷിന് പുറമെ ഹോണററി സെക്രട്ടറി, മുൻ ഭരണസമിതിയംഗങ്ങൾ, 9 ജീവനക്കാർ തുടങ്ങിയവർ അഴിമതിയിൽ പങ്കാളികളാണെന്ന കണ്ടെത്തിയിട്ടുണ്ട്.