പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വീണ്ടും ഹർജി. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പിയാണ് കോടതിയെ സമീപിച്ചത്.

സമാന ആവശ്യമുന്നയിച്ച് നേരത്തെ അഭിഭാഷകനായ എം.എൽ. ശർമ ഹർജി സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ ഫോൺ ചോർത്തൽ നിഷേധിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസിന്റെ ഹർജിയിൽ പറയുന്നു. ആരോപണങ്ങൾ കേന്ദ്രം സമ്മതിച്ചിട്ടുമില്ല. ഒഴിഞ്ഞുമാറുന്ന മട്ടിലുള്ള വിശദീകരണമാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ നടത്തിയത്. ഗൗരവമുള്ള ആരോപണമായിട്ടും അന്വേഷണത്തിന് കേന്ദ്രസർക്കാർ താത്പര്യം കാണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതിനിടെയാണ് ഇടത് എം.പിയുടെ ഹർജി.

 

പെഗസിസ് ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് ‘ദി വയർ’ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. സംഭവം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.