യുഎസില്‍ ചികിത്സിക്കാന്‍ കഴിയാത്ത ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാളസ് ഏരിയയിലെ രണ്ട് ആശുപത്രികളിലും വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു നഴ്സിംഗ് ഹോമിലുമാണ് യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്‍ഡിഡ ഓറിസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2009ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാനാകുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഫംഗസ് രക്തത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയില്‍ സ്വാധീനമില്ലെന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതാണ്.