ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഒരാൾ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ജാവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം നടത്തിയ ഭീകരർ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ സൈന്യം പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി. അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താൻ എത്തിയതെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

നേരത്തെ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച ബസ് അഗ്നിക്കിരയാക്കിയ പ്രദേശത്താണ് ഇന്ന് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് ഭീകരവിരുദ്ധ നീക്കങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതിലധികം ഭീകരരെയാണ് സൈനികർ വധിച്ചത്. അതുകൊണ്ട് തന്നെ സൈനികരെ സഹായിക്കുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുകയാണ് ഭീകരവാദികൾ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജാവേദ് മാലിക്കിനെയും കൊലപ്പെടുത്തിയത്.

പൽവാമ ഭീകരാക്രമണം

2019 ഫെബ്രുവരി 14 നാണ് കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്.

2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണമുണ്ടായത്. 78 വാഹനങ്ങളിലായി 2547 സിആർപിഎഫ് ജവാന്മാർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോൾ, ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദ് എന്ന ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.

പിന്നാലെയെത്തിയ ബസുകൾക്കും സ്‌ഫോടനത്തിൽ കേടുപറ്റി. പൂർണമായി തകർന്ന 76 ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാർ 82ാം ബറ്റാലിയനിലെ ജവാനായിരുന്നു. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.