അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗനി അനുശോചനം അറിയിച്ചു. ഡാനിഷിന്റെ പിതാവിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നു. ഡാനിഷിന്റെ വിയോഗം തീരാ നഷ്ടമാണെന്നും മരണത്തിൽ ഖേദിക്കുന്നുവെന്നും അഫ്ഗാൻ പ്രസിഡണ്ട് ഡാനിഷിന്റെ പിതാവ് മുഹമ്മദ് അക്തർ സിദ്ദിഖിയോട് പറഞ്ഞു. ഡാനിഷിന്റെ ഭാര്യയോടും മക്കളോടും അനുശോചനം അറിയിക്കണമെന്ന് ഗനി അറിയിച്ചതായും ഡാനിഷിന്റെ പിതാവ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു അഷറഫ് ഗനി ഡാനിഷിന്റെ പിതാവിനെ വിളിച്ച് സംസാരിച്ചത്. അഫ്ഗാൻ – താലിബാൻ സംഘർഷം റിപ്പോർട് ചെയ്യുന്നതിനിടെ ജൂലൈ 16 ന് കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽഡാക്കിൽ വച്ചാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. താലിബാൻ സേനയുടെ ബോംബാക്രമണത്തിൽ ആയിരുന്നു അഫ്ഗാൻ സൈന്യത്തിനൊപ്പം ഉണ്ടായിരുന്ന ഡാനിഷ് കൊല്ലപ്പെട്ടത്.