മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 337 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.
പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു. ജനകീയ പ്രക്ഷോഭത്തോടൊപ്പം രാജ്യത്ത് കവര്‍ച്ചയും വര്‍ധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സൈന്യം സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് കോടതിയലക്ഷ്യ കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഭരണഘടന കോടതി ശിക്ഷ വിധിച്ചത്.