തോമസ് ഡെങ് എന്ന താരം ഇന്ന് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെ ഫലമായി ടോക്യോ ഒളിമ്ബിക്‌സിലെ ആദ്യ മത്സരത്തില്‍ അതി ശക്തരായ അര്‍ജന്റീനയെ കീഴടക്കി ഓസ്‌ട്രേലിയ കരുത്തുകാണിച്ചിട്ടുണ്ട്.

2008 ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയന്‍ ടീം ഒളിമ്ബിക്‌സിന് യോഗ്യത നേടിയത്. അതിനായി ടീമിനെ മുന്നില്‍ നിന്നും നയിച്ചത് തോമസ് ആയിരിന്നു. ഓസ്‌ട്രേലിയയുടെ നായകനാകും മുന്‍പ് ഫുട്‌ബോള്‍ താരമാകും മുന്‍പ് തോമസ് പിന്നിട്ട വഴികള്‍ യാതനകളുടെതായിരുന്നു. ഒരു അഭയാര്‍ഥിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ നായകനിലേക്കുള്ള താരത്തിന്റെ യാത്ര അദ്ഭുതം ജനിപ്പിക്കുന്നതായിരുന്നു.

കെനിയയിലെ നെയ്‌റോബിയില്‍ ജനിച്ച തോമസ് ആറു വയസ്സുവരെ അവിടെയാണ് ജീവിച്ചത്. ആ സമയത്താണ് സൗത്ത് സുഡാനീസ് കലാപം ഉണ്ടായത്. പ്രാണഭയത്താല്‍ തോമസും കുടുംബവും കെനിയ ഉപേക്ഷിച്ച്‌ ഓസ്‌ട്രേലിയയിലെത്തുകയായിരിന്നു. അവിടെ അഭയാര്‍ഥികളായി ജീവിതം തുടങ്ങി.

അമ്മയും നാല് സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തെ തോമസ് ഒറ്റയ്ക്ക് തോളിലേറ്റി. ചെറുപ്പം തൊട്ട് നന്നായി ഫുട്‌ബോള്‍ തട്ടിയിരുന്ന തോമസിന്റെ കഴിവ് ഓസ്‌ട്രേലിയയിലെ ഒരു ക്ലബ്ബ് കണ്ടെത്തി. അഡ്‌ലെയ്ഡിലുള്ള ബ്ലൂ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ താരം കളിച്ചു തുടങ്ങി.

അതിനുശേഷം മെല്‍ബണിലെ പൊളോണിയയ്ക്ക് വേണ്ടിയും ഗ്രീന്‍ ഗള്ളിയ്ക്കും വേണ്ടി തോമസ് കളിച്ചു. ഗ്രീന്‍ ഗള്ളിയില്‍ കളിക്കുന്ന സമയത്താണ് മെല്‍ബണ്‍ വിക്ടറി ക്ലബ്ബിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലും താരം ഇടം നേടി. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകനായി തുടരുന്നു.