1997 മേയില്‍ ടോണി ബ്ലെയര്‍ യു.കെ പ്രധാനമന്ത്രിയായിരിക്കെ ഒറ്റ ദിവസത്തെ സന്ദര്‍ശനത്തിനായി യു.കെയിലെത്തിയതായിരുന്നു അന്നത്തെ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും പത്നി ഹിലരി ക്ലിന്റനും. അന്ന് എലിസബത്ത് രാജ്ഞി ചായ സത്കാരത്തിന് ക്ഷണിച്ചിട്ടും യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ വസതിയില്‍ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടും യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അത് നിരസിച്ചു ; കാരണം, ലണ്ടന്‍ നഗരത്തിലെ ഇന്ത്യന്‍ രുചിഭേദങ്ങള്‍ തേടുകയായിരുന്നു ക്ലിന്റന്റെ മനസ് !

ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലെ രുചി പരീക്ഷിക്കാന്‍ ആഗ്രഹിച്ചതിനാലാണത്രെ അന്ന് എലിസബത്ത് രാജ്ഞിയുമൊത്തുള്ള ചായ സത്കാരത്തിന്റെ ക്ഷണം അമേരിക്കയുടെ 42ാമത്തെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ നിരസിച്ചത്. അടുത്തിടെ പുറത്തുവിട്ട ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ടോണി ബ്ലെയറുമൊത്തുള്ള ക്ലിന്റന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. എലിസബത്ത് രാജ്ഞിയെ അതിന് മുമ്ബും ക്ലിന്റന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ക്ലിന്റനെ ചായ സത്കാരത്തിലേക്ക് ക്ഷണിക്കുന്നതില്‍ എലിസബത്ത് രാജ്ഞി വളരെ സന്തോഷവതിയാണെന്ന് ബക്കിംഗ്‌ഹാം കൊട്ടാരത്തിലെ അധികൃതര്‍ ടോണി ബ്ലെയറിന്റെ ഓഫീസലേക്കയച്ച കത്തില്‍ പറയുന്നതായി യു.കെ നാഷണല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍,​ താനൊരു ‘ ടൂറിസ്റ്റ് ” ആകാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ ഭക്ഷണം പരീക്ഷിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതായുമാണ് മറുപടിയായി ക്ലിന്റന്‍ അറിയിച്ചതെന്ന് രേഖകളെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ നഗരത്തില്‍ ഷോപ്പിംഗ് നടത്താനും ക്ലിന്റന്‍ ആഗ്രഹിച്ചിരുന്നു.

രാജകുടുംബത്തിന്റെ സത്കാരം ക്ലിന്റന്‍ വിനയപൂര്‍വ്വം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി ടോണി ബ്ലെയറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഫിലിപ് ബാര്‍ട്ടണ്‍ ബക്കിംഗ്ഹാം അധികൃതരോട് വ്യക്തമാക്കുകയായിരുന്നു. യു.കെ പ്രധാനമന്ത്രിയുടെ വസതിയിലെ അത്താഴവിരുന്നിലും ക്ലിന്റണ്‍ പങ്കെടുത്തിരുന്നില്ല. ഒറ്റ ദിവസത്തെ സന്ദശനത്തിനിടെ ഇന്ത്യന്‍ റെസ്റ്റോറന്റിലെത്താന്‍ ക്ലിന്റണ്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ലണ്ടന്‍ ടവര്‍ ബ്രിഡ്ജിന് സമീപമുള്ള ഒരു ഫ്രഞ്ച് റെസ്റ്റോറന്റിലെത്തി തൃപ്തിപ്പെടേണ്ടി വന്നു ക്ലിന്റനും ടോണി ബ്ലെയറിനും. 1993 മുതല്‍ 2001 വരെയാണ് ക്ലിന്റന്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്നത്.