കടം കയറി വശം കെട്ട എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനായ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി 8 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടപരിഹാര കേസ് നല്‍കി. പ്രമുഖ ഓഡിറ്റര്‍മാരായ എണ്‍സ്റ്റ് ആന്‍ഡ് യങ് (ഇവൈ), എന്‍എംസിയുടെ രണ്ട് മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍, രണ്ടുബാങ്കുകള്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. യുഎസ് കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. എന്‍എംസി ഗ്രൂപ്പിലെ കോടികളുടെ സാമ്ബത്തിക ക്രമക്കേടിന്റെ പേരിലാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. കേസില്‍ ഒരു കഴമ്ബുമില്ലെന്നും തങ്ങള്‍ അതിനെ ശക്തമായി നേരിടുമെന്നും ‘ഇവൈ’ പ്രതികരിച്ചു.

എന്‍എംസിയുടെ സാമ്ബത്തിക അച്ചടക്കത്തെ ഷോര്‍ട്ട് സെല്ലറായ മഡി വാട്ടേഴ്‌സ് കഴിഞ്ഞ വര്‍ഷം ചോദ്യം ചെയ്തതോടെയാണ് ഇന്ത്യന്‍ വ്യവസായിയുമായി ബന്ധപ്പെട്ട നിരവധി കമ്ബനികള്‍ കുഴപ്പത്തിലേക്ക് നീങ്ങിയത്. പിന്നീട് ആദ്യം കണ്ടെത്തിയതിനേക്കാല്‍ വലിയ സാമ്ബത്തിക തട്ടിപ്പ് ആണ് എന്‍എംസിയില്‍ നടന്നതെന്നും ഷെട്ടിക്കും തട്ടിപ്പ് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, തന്റെ വിശ്വസ്തരായ ചിലരുടെ വഞ്ചനയാണ് തട്ടിപ്പെന്നും താന്‍ നിരപരാധിയെന്നും ആണ് ഷെട്ടി ആവര്‍ത്തിച്ച്‌ സ്വീകരിച്ച്‌ നിലപാട്.

വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ യുകെ കോടതി ഉത്തരവിട്ടതിന് പിന്നാലെയുള്ള നീക്കമാണ് ഇപ്പോള്‍ ഷെട്ടി നടത്തിയിരിക്കുന്നത്. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരമായിരുന്നു കോടതി വിധി. ഇന്ത്യയിലും ദുബായിലും ഷെട്ടിയുടെ കമ്ബനികള്‍ വാങ്ങിയ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിയമപോരാട്ടം നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇ സെന്‍ട്രല്‍ ബാങ്ക് ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ എന്‍എംസിയിലെയും ഫിനാബ്ലറിലെയും തന്റെ മുന്‍ സിഇഒ മാരും മലയാളികളുമായ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവര്‍ക്കെതിരെ ഷെട്ടി ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു. 2012 മുതല്‍ ഇവര്‍ തന്റെ കമ്ബനിയില്‍ സാമ്ബത്തിക ക്രമക്കേട് കാട്ടിയെന്നായിരുന്നു പരാതി.

എല്ലാറ്റിനും കാരണം മങ്ങാട്ട് സഹോദരന്മാരെന്ന് ഷെട്ടി

കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കിലെ യുഎസ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും മങ്ങാട്ട് സഹോദരന്മാര്‍ക്ക് എതിരായ ആരോപണങ്ങള്‍ ഷെട്ടി ആവര്‍ത്തിച്ചു. അനധികൃതമായി നേടിയെടുത്ത വായ്പാ തട്ടിപ്പിനെ കുറിച്ച്‌ വിവരം കിട്ടിയിട്ടും എണ്‍സ്റ്റ് ആന്‍ഡ് യങ് വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സാമ്ബത്തിക റിപ്പോര്‍ട്ടുകളും ഇറക്കി എന്നും പരാതിയില്‍ ആരോപിക്കുന്നു. മങ്ങാട്ട് സഹോദരന്മാരുമായി ചേര്‍ന്ന് ഇവൈ, തട്ടിപ്പ് മറച്ചുവയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും 105 പേജുള്ള ഹര്‍ജിയില്‍ പറയുന്നു.

തങ്ങളുടെ ന്യൂയോര്‍ക്കിലെയും യുഎഇയിലെയും ബ്രാഞ്ചുകള്‍ വഴി ബാങ്ക് ഓഫ് ബറോഡയും ഈ തട്ടിപ്പിന്റെ മുഖ്യഇടനിലക്കാരായി. നെതര്‍ലന്‍ഡ്‌സിലെ ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് തട്ടിപ്പ് ബോധ്യമായിട്ടും വായ്പ നല്‍കുന്നതും ഫീസ് ഈടാക്കുന്നതും തുടര്‍ന്നുവെന്നും ബി.ആര്‍.ഷെട്ടിയുടെ യുഎസ് സുപ്രീം കോടതിയിലെ പരാതിയില്‍ ആരോപിക്കുന്നു.

 

 

ആരോപണങ്ങള്‍ നിഷേധിച്ച്‌ മങ്ങാട്ട് സഹോദരന്മാരും ബാങ്കുകളും

മങ്ങാട്ട് സഹോദരന്മാരുടെ വക്താവ് ഈ ആരോപണങ്ങള്‍ നേരത്തെ നിഷേധിച്ചിരുന്നു. പുതിയ സംഭവ വികാസത്തോട് അവര്‍ പ്രതികരിച്ചിട്ടില്ല. ബാങ്ക് ഓഫ് ബറോഡയും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, ഷെട്ടിയുടെ ആരോപണങ്ങള്‍ക്ക് നിയമപരമായോ വസ്തുതാപരമായോ സാധുതയില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പറഞ്ഞു.

എന്‍എംസിയിലെ സാമ്ബത്തിക തട്ടിപ്പ് തന്നെ സാമ്ബത്തികമായി തകര്‍ത്തുകളഞ്ഞുവെന്നും 7 ബില്യണ്‍ യുഎസ് ഡോളറിലേറെ നഷ്ടം വരുത്തിയെന്നും ഷെട്ടി പരാതിയില്‍ പറഞ്ഞു. ഷെട്ടിക്ക് 49 ശതമാനം ഓഹരിയുള്ള നിയോഫാര്‍മയ്ക്ക് ഒരുബില്യണ്‍ യുഎസ് ഡോളറും നഷ്ടമുണ്ടായതായാണ് വാദം.

ഷെട്ടിയെ പൂട്ടിയത് ലണ്ടന്‍ കോടതി ഉത്തരവ്

അബുദാബി ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത് കെയര്‍ സാമ്ബത്തിക ക്രമക്കേടുകളുടെ പേരില്‍ ഷെട്ടിയുടെ മാത്രമല്ല, മറ്റുഓഹരി ഉടമകളുടെയും മലയാളിയായ പ്രശാന്ത് മങ്ങാട്ട് അടക്കം മുന്‍ ഉന്നത എക്ലിക്യൂട്ടീവുകളുടെയും ആസ്തികള്‍ മരവിപ്പിക്കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടിരുന്നു. പ്രശാന്ത് മങ്ങാട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്. ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള ഷെട്ടി അടക്കം ഒരുവ്യക്തിക്കും, ലോകത്തെവിടെയും ഉള്ള ആസ്തികള്‍ വിറ്റഴിക്കാനാവില്ല. ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതിയും ഉത്തരവിട്ടിരുന്നു. പണം വായ്പ നല്‍കിയവര്‍ കേസ് കൊടുത്തതോടെയാണ് എന്‍എംസിയുടെയും, ഷെട്ടിയുടെയും ആസ്തികള്‍ മരവിപ്പിച്ചത്.

ലണ്ടന്‍ കോടതി ഉത്തരവ് ഷെട്ടിയെയും മുന്‍ എക്സിക്യൂട്ടീവുകളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രശാന്ത് മങ്ങാട്ട് പാലക്കാട് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി അടക്കം നിരവധി ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ഉടമസ്ഥനാണ്. പ്രശാന്ത് മങ്ങാട്ടും എന്‍എംസിയിലെ മറ്റ് മുന്‍ എക്സിക്യട്ടീവുകളും ഇന്ത്യയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്‍എംസി സാമ്ബത്തിക ക്രമക്കേട് വിവാദമായതോടെ ഇവരെല്ലാം ഗള്‍ഫില്‍ നിന്ന് മുങ്ങി.

എന്‍എംസിക്ക് ഏറ്റവുമധികം വായ്പ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു യുകെ കോടതി നടപടി. 4 ബില്യന്‍ ദിര്‍ഹമാണ് അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന് എന്‍എംസി നല്‍കാനുള്ളത്. ഫിനാന്‍ഷ്യല്‍ ടൈംസിലെ റിപ്പോര്‍ട്ട് പ്രകാരം അബുദാബി ബാങ്കിന്റെ പരാതിയില്‍ സ്ഥാപക ഉടമയായ ബി.ആര്‍.ഷെട്ടിയെയാണ് സാമ്ബത്തിക തട്ടിപ്പില്‍ സൂത്രധാര സ്ഥാനത്ത് നിര്‍ത്തുന്നത്. മുന്‍ മാനേജ്മെന്റിന്റെ കൊള്ളരുതായ്മകള്‍ തന്റെ അറിവോടെ അല്ലെന്ന ഷെട്ടിയുടെ അവകാശവാദമാണ് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് പരാതിയില്‍ തള്ളിക്കളഞ്ഞത്.

 

 

കഴിഞ്ഞ വര്‍ഷമാദ്യം ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി ഇറക്കിയ പ്രസ്താവനകളില്‍ എല്ലാം താന്‍ നിരപരാധിയെന്നും പ്രശാന്ത് മങ്ങാട്ടും കൂട്ടരുമാണ് കുഴപ്പക്കാരെന്നുമാണ് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. നവംബറില്‍ യുഎഇയിലേക്ക് മടങ്ങാനും ഷെട്ടി ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്ത്യയിലെ ഒരുകോടതി ഉത്തരവിന്റെ പേരില്‍ ബംഗളൂരു വിമാനത്താവളത്തില്‍ ഷെട്ടിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തന്റെ മുന്‍ എക്സ്‌കിക്യൂട്ടീവുകള്‍ കാട്ടിയ സാമ്ബത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും ഷെട്ടി ഇന്ത്യന്‍ അധികൃതരോട് ഔദ്യോഗികമായി ആഭ്യര്‍ത്ഥിച്ചിരുന്നു.

എന്‍എംസിയിലെ ക്രമക്കേട് കണ്ടുപിടിച്ചത് ഒരുവര്‍ഷം മുമ്ബ്

ബില്യണ്‍ കണക്കിന് ദിര്‍ഹം എന്‍എംസിയുടെ ബാങ്ക് വായ്പകളില്‍ നിന്നും മറ്റും വക മാറ്റി ചെലവഴിക്കുകയായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസിയില്‍ വര്‍ഷങ്ങളായി നടന്ന ക്രമക്കേടുകളാണ് കഴിഞ്ഞ വര്‍ഷം പൊന്തി വന്നത്. എത്ര തുകയുടെ വെട്ടിപ്പാണ് നടന്നത് എന്നതിന്റെ ക്യത്യമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു. ചില കണക്കുകള്‍ പ്രകാരം 4 ബില്യന്‍ ഡോളറിലധികം തുകയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്.

2020 ല്‍ എന്‍എംസിയുടെ പ്രവര്‍ത്തനത്തില്‍ ആരോഗ്യകരമായ പ്രകടനം കാഴ്ച വച്ചു. നടത്തിപ്പില്‍ മാത്രമല്ല, അപ്രധാന ആസ്തികള്‍ വിറ്റ് മാറ്റുന്നതിനും കടം തീര്‍ക്കുന്നതിലുമാണ് ഗ്രൂപ്പ് ശ്രദ്ധ പുലര്‍ത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഷെട്ടിക്കും കൂട്ടര്‍ക്കും എതിരെ നടക്കുന്ന അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എന്‍എംസി മാനേജ്മെന്റ് വിസമ്മതിച്ചിരുന്നു.