രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയില്‍ ആളപായവും കനത്ത നാശനഷ്ടവും. മഹാരാഷ്ട്രയിലും തെക്കന്‍ മേഖലയിലും പേമാരിയുമായി ബന്ധപ്പെട്ട വ്യത്യസ്ത അപകടങ്ങളിലായി 13 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയിലും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലുമുണ്ടായ പ്രളയത്തില്‍ വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു. കൊങ്കണ്‍ മേഖലയിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

ഇന്നലെ തുടങ്ങിയ ശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി. ഒഴുക്കില്‍പ്പെട്ടും വീട് തകര്‍ന്നും മഹരാഷ്ട്രയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. മുംബൈ ഗോവ ദേശീയപാത അടച്ചിട്ടുണ്ട്. ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയിലെ ആസിഫാബാദില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആന്ധ്രയിലെ സമീപ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേദഗംഗ നദി കരകവിഞ്ഞതോടെ ബെംഗളൂരു പൂനെ ദേശീയപാതയും അടച്ചു.