കോവിഡ് വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം പിന്നിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്‌സിനേഷന്‍ ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നത്.
മുന്നണിപ്പോരാളികള്‍, യുവാക്കള്‍ എന്നിവരുടെ വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ്. മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്‌സിനേഷനില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 74 ശതമാനമാണെന്നാണ് കണ്ടെത്തല്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്റെ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 16 ശതമാനം മാത്രമാണ്.
രണ്ടാം ഡോസ് വാക്‌സിനേഷനിലും കേരളം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്റെ ദേശീയ ശരാശരി 83 ശതമാനമാണെന്നിരിക്കെ കേരളത്തില്‍ ഇത് വെറും 60 ശതമാനമാണ്. കേരളത്തിന് ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ പോലും പൂര്‍ണമായി ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.