കൊളംബോ: മലയാളിതാരം സഞ്​ജു സാംസണ്‍ ഉള്‍പ്പടെ അഞ്ച്​ പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച്‌​ ഇന്ത്യ. സഞ്​ജു സാംസണ്​ പുറമേ നിധീഷ്​ റാണ, രാഹുല്‍ ചഹര്‍, ചേതന്‍ സക്കരിയ, കൃഷ്​ണപ്പ ഗൗതം എന്നിവരും ഇന്ന്​ ആദ്യമായി ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കും.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബരയില്‍ ആദ്യത്തെ രണ്ട്​ മത്സരവും ഇന്ത്യ ജയിച്ചിരുന്നു. പരിക്കിനെ തുടര്‍ന്നാണ്​ സഞ്​ജു സാംസണെ ആദ്യത്തെ രണ്ട്​ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയത്​. ശിഖര്‍ ധവാന്‍റെ നായകത്വത്തില്‍ രാഹുല്‍ ദ്രാവിഡ്​ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ യൂത്ത്​ ടീമാണ്​ ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ കളിക്കുന്നത്​.
വിരാട്​ കോഹ്​ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഒന്നാംനിര താരങ്ങളുടെ ടീം ഇംഗ്ലണ്ട്​ പര്യടനത്തിലാണ്​. ശ്രീലങ്കയിലേക്ക്​ രണ്ടാംനിര ടീമിനെ അയച്ച ഇന്ത്യയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ശ്രീലങ്കന്‍ ഇതിഹാസതാരം അര്‍ജുന രണതുംഗ രംഗത്തെത്തിയിരുന്നു.