ആലപ്പുഴ: യോഗ്യതാവിവാദത്തില്‍ കുടുങ്ങി കേസില്‍ അകപ്പെട്ട ആലപ്പുഴയിലെ വനിതാ വക്കീല്‍ സെസിയെ കുടുക്കാന്‍ സഹായിച്ചത് ആദ്യ കാമുകനെന്ന് സൂചന. യോഗ്യതാപരീക്ഷ പാസാകാതെ വക്കീലായി വിലസിയിരുന്ന സെസിക്കെതിരെ ഊമക്കത്ത് വന്നതോടെയാണ് കള്ളികള്‍ ഒന്നൊന്നായി പുറത്തായത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാനെത്തിയ ഇവര്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോടതിയില്‍ നിന്നും മുങ്ങിയിരുന്നു. കോടതി പരിസരത്ത് നിന്ന് എല്ലാവരെയും വെട്ടിച്ച്‌ വീണ്ടും ഒളിവില്‍ പോയിട്ടും ഇനിയും ഇവരെ കണ്ടെത്താനായിട്ടില്ല. ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയുടെ പിന്നില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ചതിച്ചത്പഴയ സുഹൃത്ത്
എല്‍.എല്‍.ബി പാസായവരെപ്പോലെ പ്രാക്ടീസിന് പുറപ്പെട്ട സെസിസേവ്യര്‍, ബാര്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രമുഖ അഭിഭാഷകന് കീഴില്‍ ചങ്ങനാശേരിയിലാണ് ആദ്യം പരിശീലനം തുടങ്ങിയത്. അവിടെ വച്ച്‌ യുവ അഭിഭാഷകനുമായി അടുത്ത സൗഹൃദത്തിലായി. ഈ സൗഹൃദം ശക്തമായി തുടരുന്നതിനിടെ ഒരു ഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന വിവരം സെസി സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങിയതോടെ സെസി പ്രാക്ടീസ് ആലപ്പുഴയിലേക്ക് മാറ്റി. ആലപ്പുഴയിലെ പ്രമുഖഅഭിഭാഷകന്റെ ഓഫീസില്‍ പരിശീലനം തുടങ്ങി.
അഭിഭാഷകന് വേണ്ടി കേസുകളില്‍ കോടതിയില്‍ ഹാജരാകുകയും വാദിക്കുകയും ചെയ്തിരുന്ന സെസി, ആലപ്പുഴയിലെ അഭിഭാഷകര്‍ക്കിടയില്‍ താരമായി വിലസുന്നതിനിടെയാണ് ചങ്ങനാശേരിയിലെ അഭിഭാഷക സുഹൃത്തിന്റെ ചില കൂട്ടുകാര്‍ മുഖേന സെസിയുടെ അയോഗ്യത ആലപ്പുഴയില്‍ പാട്ടായത്. എന്നാല്‍ ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായത് അറിഞ്ഞാണ് മുന്‍ സുഹൃത്ത് വിവരം അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷയില്‍ തനിക്ക് മൂന്ന് പേപ്പറുകള്‍ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാന്‍ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവര്‍ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു അജ്ഞാത കത്ത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ലഭിച്ചത്.
ആദ്യം പറ്റിച്ചത് മാതാപിതാക്കളെ
കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സാധാരണ കുടുംബത്തിലെ അംഗമായ സെസി സേവ്യറിന്റെ വീട്. മാതാവ് കടയില്‍ ജോലിക്ക് പോയും അച്ഛന്‍ മുട്ടക്കച്ചവടം നടത്തിയുമാണ് സെസിയെ പഠിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു നിയമ പഠനം. കാഴ്ചയില്‍ സുന്ദരിയായതിനാല്‍ സൗഹൃദങ്ങള്‍ പെരുകി. പഠനം ഉഴപ്പി. ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതാനായില്ല. പഠനം പാതിവഴിയിലായതോടെ ബംഗളൂരുവിലേക്ക് പോയ സെസി അവിടെ കോഴ്സ് പൂര്‍ത്തിയാക്കിയെന്നായിരുന്നു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അച്ഛനമ്മമാര്‍ക്ക് അതേപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തതിനാല്‍ മകളുടെ കള്ളക്കളി തിരിച്ചറിയാനും കഴിഞ്ഞില്ല.
കൊവിഡ് കാലത്ത് അഭിഭാഷകര്‍ക്ക് ധനസഹായം നല്‍കാനുള്ള ഫണ്ട് ശേഖരണത്തിന് സെസിയാണ് നേതൃത്വം വഹിച്ചത്. ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ കേസുകളില്‍ കക്ഷികള്‍ക്കുവേണ്ടി ഹാജരായിരുന്ന സെസി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവര്‍ത്തനത്തിലും മുന്നിലായിരുന്നു. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം സി.പി.ഐയും തമ്മില്‍ ഭിന്നതയുണ്ടായി. കോണ്‍ഗ്രസ് ജയിച്ചാലും സി.പി.ഐ അനുകൂല സംഘടനയിലെ അഭിഭാഷകര്‍ ജയിക്കരുതെന്ന് സി.പി.എം അനുകൂല അഭിഭാഷക സംഘടന പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അങ്ങനെ സി.പി.ഐയെ തോല്‍പ്പിക്കാന്‍ സി.പി.എം അനുകൂല അഭിഭാഷകര്‍ ബാര്‍ അസോസിയേഷനിലെ മൂന്നാമത്തെ വലിയ പദവിയായ ലൈബ്രേറിയന്‍ പോസ്റ്റില്‍ മത്സരിച്ച സെസിക്ക് വോട്ടു ചെയ്തു. സെസി സേവ്യര്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചു. അഭിഭാഷക സംഘടനകള്‍ തമ്മിലുള്ള ഭിന്നതയാണ് സെസിയുടെ യോഗ്യതയെക്കുറിച്ച്‌ പരാതി ഉയരാന്‍ കാരണമായത്.
മറയാക്കിയത് തലസ്ഥാനത്തെ അഭിഭാഷകയുടെ റോള്‍ നമ്ബര്‍
തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയുടെ ബാര്‍ കൗണ്‍സിലിലെ റോള്‍ നമ്ബരാണ് സെസി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇത് അവരുടെ അറിവോടെയാണോയെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ അഭിഭാഷകയില്‍ നിന്ന് പൊലീസും ജുഡീഷ്യല്‍ ഓഫീസര്‍മാരും മൊഴിയെടുത്തേക്കും. റോള്‍ നമ്ബര്‍ താനറിയാതെ ഉപയോഗിച്ച്‌ തട്ടിപ്പിന് ശ്രമിച്ചതായി പരാതി നല്‍കിയാല്‍ ബാര്‍ കൗണ്‍സിലിനും മറ്റു ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കും ഇടപെടേണ്ടി വരും. ജുഡീഷ്യല്‍ സംവിധാനത്തെ മുഴുവന്‍ കബളിപ്പിച്ചതിനാല്‍ സംഭവം ഗൗരവമാകും. കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുകയും അഡ്വക്കേറ്റ് കമ്മിഷനായി പോകുകയും ചെയ്ത സാഹചര്യത്തില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍, കക്ഷികള്‍ക്ക് വേണ്ടി നല്‍കിയ വക്കാലത്തുകള്‍ തുടങ്ങിയവയ്ക്ക് നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന് അതത് കോടതികളാണ് തീരുമാനിക്കേണ്ടതെന്ന് നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നു.
അതേസമയം, കോടതിയില്‍ നിന്ന് മുങ്ങിയ സെസിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.