ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ടീസറിന്റെ മേക്കിംഗ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ടീസറിനായി ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷത്തിലാണ് നിവിന്‍ പോളിയും ഗ്രെയ്‌സ് ആന്റണിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോളി ജൂനിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് ഇല്ലംപള്ളി ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കിയിരിക്കുന്നത്. മനോജ് കണ്ണോത്ത്. യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മനോജ് കണ്ണോത്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.