സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി. സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റി പൊതു പട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതി നടത്താനാണ് നീക്കം. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം സാധ്യമാകൂ എന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് ഭരണഘടനാ ഭേദഗതി നടത്തുന്നത്. അമിത്ഷായുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന് പുതിയ മന്ത്രാലയമുണ്ടാക്കി രാജ്യത്തെ സഹകരണ സംഘങ്ങളെല്ലാം അതിന്റെ കീഴിലാക്കാനുള്ള ശ്രമം സുപ്രിം കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.