കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി ജെ പി നേതാക്കള്‍ കേസില്‍ സാക്ഷികളാണ്.കവര്‍ച്ച കേസില്‍ അറസ്റ്റിലായ 22 പേര്‍ മാത്രമായിരിക്കും കുറ്റപത്രത്തിലും പ്രതികള്‍. ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കള്‍ സാക്ഷികളായേക്കും. കേസിലാകെ 200 സാക്ഷികളാണുള്ളത്. കവര്‍ച്ച കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെടും. കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍ണമെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.

ഏപ്രില്‍ മൂന്നിന് കൊടകരയില്‍ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച്‌ കവര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കേസ്. ആദ്യം തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലിക്കായിരുന്നു അന്വേഷണ ചുമതല. കേസന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് മൂന്നരക്കോടി രൂപയാണെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്നും കണ്ടെത്തി.

കവര്‍ച്ച ചെയ്യപ്പെട്ടത് കള്ളപ്പണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മേയ് എട്ടിന് തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി. ജൂലൈ 26ന് ആദ്യപ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന പശ്ചാത്തലത്തില്‍ ആണ് ഇന്ന് പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.