ബെയ്ജിംഗ് : ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 33 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എട്ട് പേരെ കാണാതായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മരണ സംഖ്യ വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍.
ഹെനാന്‍ പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതയ്‌ക്കുന്നത്. പ്രവിശ്യയില്‍ മാത്രം 3,760,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ 2,15,200 ഹെക്ടര്‍ കൃഷി നശിച്ചു. 188.6 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇതോടെ ഉണ്ടായത്. ഹെനാന്റെ തലസ്ഥാനമായ ഷെംഗ്ഷു നഗരം വെള്ളത്തിനടിയിലായി.
അണക്കെട്ട് തകര്‍ന്നതാണ് നഗരത്തിലെ പ്രളയം രൂക്ഷമാക്കിയത്. അണക്കെട്ടില്‍ നിന്നും ഒഴുകുന്ന വെള്ളം വഴിതിരിച്ചു വിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.
വെള്ളക്കെട്ടില്‍ അകപ്പെട്ടും, മഴയില്‍ മണ്ണിടിഞ്ഞും, വീടിന്റെ മതില്‍ ഇടിഞ്ഞുമാണ് കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്. മുന്‍കരുതല്‍ എന്നോണം ലക്ഷക്കണക്കിന് ആളുകളെയാണ് ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചത്.