ചൈനയിലെ വെള്ളപ്പൊക്കത്തിലെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. മറിഞ്ഞ കാറുകളുടെയും സബ്‌വേകളിലും തെരുവുകളിലും കുടുങ്ങിയ ആളുകളുടെ ഭയാനകവും ദയനീയവുമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 1.2 കോടിയിലധികം പൗരന്മാരുള്ള ഷെങ്‌ഷോ നഗരത്തിലെ മെട്രോ ലൈനിനുള്ളില്‍ യാത്രക്കാര്‍ കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയില്‍ 1,000 വര്‍ഷത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ മഴയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ 617.1 മില്ലിമീറ്റര്‍ മഴയാണ് ഷെങ്‌ഷ പ്രവിശ്യയില്‍ രേഖപ്പെടുത്തിയത്. നഗരത്തിലെ വാര്‍ഷിക ശരാശരി മഴയ്ക്ക് (640.8 മില്ലിമീറ്റര്‍) ഏതാണ്ട് തുല്യമാണിത്. നിരവധി ഡാമുകള്‍ മഴയെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ഇതും വെള്ളപ്പൊക്കത്തിന് കാരണമായി. വെള്ളത്തിന്റെ ഗതിമാറ്റി ഒഴുക്കുന്നതിനായി ഒരു ഡാം സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ജനസംഖ്യയുള്ള ഒരു പ്രവിശ്യയെ സംരക്ഷിക്കുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ പറയുന്നു. എന്നാല്‍, സൈന്യം ഡാം തകര്‍ത്തത് വഴി നിരവധി വീടുകളാണ് ഒഴുക്കില്‍ പെട്ടത്.
നിരവധി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം നിയന്ത്രണാധീതമായതോടെ ഡാമുകളുടെ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണം. രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഷെന്‍ഷൗ നഗരത്തില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഏറെ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. നിരവധി പേര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹെനാന്‍ പ്രവശ്യയിലെ ടണലുകളില്‍ കുടുങ്ങിപ്പോയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. ഷെങ്ഷൗവിലെ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഭൂഗര്‍ഭ റെയില്‍ പാതകളില്‍ വെള്ളം നിറഞ്ഞാണ് 12 പേര്‍ മരിച്ചത്.