പാരിസ്​: ഫ്രാന്‍സില്‍ കോവിഡ്​ വ്യാപനം ശക്​തമായതോടെ വാക്​സിന്‍ പാസ്​പോര്‍ട്ട്​ സംവിധാനം സര്‍ക്കാര്‍ പ്രാബല്യത്തിലാക്കി.50പേരില്‍ കൂടുതല്‍ പ​ങ്കെടുക്കുന്ന പരിപാടികള്‍ക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകള്‍, കഫേകള്‍, ഷോപ്പിങ്​ സെന്‍ററുകള്‍ എന്നിവിടങ്ങളിലും നിര്‍ബന്ധമാകും. ട്രെയിന്‍, വിമാനം എന്നിവ വഴി ദീര്‍ഘദൂര യാത്രയും അതില്ലാതെ നടക്കില്ല.

കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനം നല്‍കുന്നതാണ്​ വാക്​സിന്‍ പാസ്​പോര്‍ട്ട്​ എന്ന പേരില്‍ അറിയപ്പെടുന്ന ‘ആരോഗ്യപാസ്​’. അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.രോഗ പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്ന്​ കണ്ടാണ്​ നടപടിയെന്ന്​ അധികൃതര്‍ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ 21,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.