മാഞ്ചസ്റ്റര്‍: കൊവിഡ് മുക്തി ലഭിച്ചതോടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. യുകെയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ പത്ത് ദിവസത്തെ ഐസൊലേഷനു ശേഷമാണ് പന്ത് ടീമില്‍ തിരിച്ച്‌ എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷമുള്ള 20 ദിവസത്തെ ഇടവേളക്കിടെയാണ് പന്തിന് കൊവിഡ് ബാധ ഏറ്റത്. ടീം ഹോട്ടലിന് പുറത്തു താമസിച്ച പന്ത് യൂറോ കപ്പ് കാണാനും ദന്തരോഗ ചികിത്സയ്ക്കും യാത്രകള്‍ നടത്തിയിരുന്നു. ഇതുമൂലമാണ് താരത്തിന് കൊവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം.

താരം കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. പന്തിനെ സ്വാഗതം ചെയ്ത് ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.സന്നാഹമല്‍സരത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറായത്. പന്ത് തിരിച്ചെത്തിയതോടെ ആദ്യ ടെസ്റ്റില്‍ നിന്ന് രാഹുല്‍ പുറത്തായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പരിക്കേറ്റ ശുഭ്മാന്‍ ഗില്ലും ടീമിനൊപ്പം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.ഓഗസ്റ്റ് നാലിനാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.