റോബോട്ടിക്‌സ് ഒരു അറിവ് മാത്രമല്ല അനുഭവം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇൻകർ റോബോട്ടിക്‌സ് എന്ന തൃശൂരിലെ സ്ഥാപനം. കൃഷിയിലും, ഡിഫൻസിലും, വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും എന്തിന് കൂടുതൽ പറയുന്നു പാവകളിയിൽ വരെ റോബോട്ടുകളെ ഉപയോഗിച്ച് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ഇൻകർ റോബോട്ടിക്‌സ്.

തൃശൂർ ജില്ലയിലെ ഇരുന്നിലംകോട് സ്വദേശി രാഹുൽ. പി. ബാലചന്ദ്രനാണ് ഇൻകർ റോബോട്ടിക്സിന്റെ അമരക്കാരൻ. കേരളത്തിലെ തന്നെ ആദ്യത്തെ റോബോട്ടിക് അക്കാദമിയാണ് ഇൻകർ റോബോട്ടിക്‌സ്. 2018 ജൂലൈയിൽ ആയിരുന്നു രാഹുൽ ഇൻകർ റോബോട്ടിക്‌സ് എന്ന സ്റ്റാർട്ട് അപ്പിന് തുടക്കമിട്ടത്. ഓൾ ഇന്ത്യ സ്റ്റെം സമ്മിറ്റിൽ ഏറ്റവും മികച്ച റോബോട്ടിക് ലാബിനുള്ള പുരസ്കാരവും ഇൻകർ റോബോട്ടിക്‌സ് നേടിയിരുന്നു.

ഇൻകർ റോബോട്ടിക്സ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻകർ സാൻബോട്ട്, തന്റെ അടുത്തു വന്ന് സംസാരിക്കുന്നവരോട് ആവേശപൂർവം സംസാരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്ന റോവി, വിവിധ തരം ഡ്രോണുകൾ, പേരുപറഞ്ഞു പരിചയപ്പെടുത്തിയാൽ പിന്നീട് കാണുമ്പോൾ ഇങ്ങോട്ട് പേരുപറഞ്ഞ് പരിചയം പുതുക്കുന്ന കോസ്മോ റോബോട്ട് തുടങ്ങി പതിനഞ്ചോളം ‘യന്തിര’ വൈവിധ്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഓഫീസും അക്കാദമിയും റിസർച്ച് ലാബുമെല്ലാം കൂടി ചേർന്ന ഇൻകർ റോബോട്ടിക്സിൽ നിന്നാണ് പല റോബോട്ടിക് വിസ്മയങ്ങളും പിറന്നത്. ധനമന്ത്രി നിർമലാ സീതാരാമനോട് ബജറ്റ് സങ്കല്പങ്ങൾ പങ്കു വച്ച ആൾട്ടൻ എന്ന ഹ്യുമനോയ്ഡ് റോബോട്ട് പറഞ്ഞതുപോലെ അണുശുദ്ധീകരണം നടത്തുകയും മരുന്നുകൾ കൃത്യമായി എത്തിക്കുകയും ചെയ്യുന്ന ഓട്ടമേറ്റഡ് ഗൈഡ് വെഹിക്കിളുമെല്ലാം പിറന്നത് ഈ യന്ത്രശാലയിൽ നിന്നാണ്.

ഗ്രാമം 4.0 എന്ന പേരിൽ റോബോട്ടിക് എക്സ്പോകൾ സംസ്ഥാനത്ത് ഒട്ടേറെ സ്കൂളുകളിൽ ഇവർ നടത്തിയിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ അത്രമേൽ ആവേശത്തോടെയും കൗതുകത്തോടെയുമാണ് ഇൻകർ റോബോട്ടിക്സിന്റെ റോബോട്ടിക് എക്സ്പോ നോക്കിക്കണ്ടത്. സ്കൂളുകളിൽ റോബോട്ടിക് ക്ലബ്ബുകൾ തുടങ്ങുവാനും പദ്ധതിയിട്ടിരുന്നു. കൃഷിയിൽ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഇൻകറിനായി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് മരുന്ന് തളിക്കാൻ കഴിയുന്ന പൃഥ്വിയെന്ന ഡ്രോൺ ഇവർ വികസിപ്പിച്ചെടുത്തിരുന്നു. ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജലസേചനത്തിലടക്കം പുതിയ ചാലുകൾ കീറി. പരമ്പരാഗതമായി പാവകളിയിലേർപ്പെട്ട കുടുംബങ്ങളുടെ ഉപജീവനം കൂടി മനസ്സിൽ കണ്ട് അതിലേക്ക് റോബോട്ടിക് സങ്കേതങ്ങൾ പ്രയോഗിച്ചപ്പോൾ അത് ഒരുപാട് പേരെ ആകർഷിച്ചിരുന്നു. ‘പുസ്തകങ്ങളിൽ ഉള്ളത് പഴകി മുഷിഞ്ഞ പാഠങ്ങളാണ്. പുതിയ കാലത്തിനായി തയാറെടുക്കൻ അത് പോരാ. പുതിയൊരു വിപ്ലവമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആ വിപ്ലവത്തിൽ നമ്മുടെ കുട്ടികളെയും അണിചേർക്കുകയാണ് ഇൻകർ’, എന്ന് സി.ഇ.ഓ. രാഹുൽ. പി. ബാലചന്ദ്രൻ വ്യക്തമാക്കി.

ഇന്ന് 45 പേരാണ് ഇൻകറിന്റെ ഭാഗമായിട്ടുള്ളത്. നിരവധി സ്ഥാപനങ്ങൾ പോലും ക്യാമ്പസ് റിക്രൂട്മെന്റിനായി സമീപിക്കുന്നുണ്ട്. മലയാളികൾ ഇന്ന് വരെ പരീക്ഷിക്കാത്ത വലിയൊരു വിജയസംരംഭത്തിനുള്ള ഒരുക്കത്തിലാണ് രാഹുൽ. ഇന്ത്യയിലെ ആദ്യത്തെ റോബോ പാർക്കാണത്. കൊച്ചിയിൽ പത്തേക്കറിലാണ് ഈ ഫ്യുച്ചർ വേൾഡ് വരുന്നത്. അത് ഇന്ത്യയിലെ ആദ്യ ദി ടെക് ടൂറിസം ഡെസ്റ്റിനേഷനായിരിക്കും.

തൃശൂർ ജില്ലയിലെ മുള്ളൂർക്കരയ്ക്കടുത്ത് ഇരുന്നിലക്കോട് സ്വദേശിയായ രാഹുലിന്, ഇൻകർ റോബോട്ടിക്‌സ് വെറുമൊരു സ്ഥാപനമല്ല. മറിച്ച് തന്റെ വീഴ്ചകളെ ഊർജ്ജമാക്കി നേടിയെടുത്ത ഒരു സ്വപ്ന സംരംഭമാണ്. നീണ്ട നാളത്തെ സഹനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഫലമാണ് ഇൻകർ റോബോട്ടിക്സ് എന്ന ഈ വിസ്മയ സംരംഭം.