കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി. മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് മൊഴി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചു. മന്ത്രി ഫോണ്‍ വിളിച്ചത് ഉള്‍പ്പെടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിക്ക് എതിരെ ഗവര്‍ണര്‍ ആരിഫ് അലി ഖാനും പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ പീഡനക്കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കി. കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചത്. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്. അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കും. ഒരു തരത്തിലും മന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധ പരമ്പര നടന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയപ്പോള്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിച്ചത് ബിജെപിയുടെ പോഷക സംഘടനകളാണ്.

യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നെയും പ്രതിഷേധം തുടര്‍ന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.രാവിലെ മന്ത്രിയുടെ വാഹനം തടഞ്ഞും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. നിയമസഭയുടെ ഇടത് ഗേറ്റിന് സമീപം പ്രതിഷേധവുമായെത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.