സംസ്ഥാനത്തെ ഞെട്ടിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതി അനന്യയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മരണമാണ് ഈ അത്മഹത്യയിലേക്ക് നയിച്ചതെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യമുന്നയിച്ച കെ.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ് –

“കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് RJ യും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായിരുന്ന അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണ്. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂര്‍ണ്ണമായ സമീപനം പോലും ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമുക്ക് തലയുയര്‍ത്തിപ്പിടിച്ച്‌ ജീവിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഒരുക്കേണ്ട യാതൊരു സുരക്ഷയും ഉറപ്പുവരുത്തിയില്ല എന്ന് മാത്രമല്ല അതു പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടും അവഗണന മാത്രം നേരിടേണ്ടിവരുന്ന സാഹചര്യം, കേരളം പോലെ സാമൂഹ്യ പുരോഗതി കൈവരിച്ചു എന്ന് നമ്മള്‍ കരുതുന്ന ഒരു നാടിനും ഭൂഷണമല്ല.

പൊതുതിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ പശ്ചാത്തലമുള്ള വ്യക്തി കൂടിയായ അനന്യ കേരളത്തിലെ ട്രാന്‍സ് വിഭാഗത്തിന്റെ ശബ്ദം കൂടിയായിരുന്നു. ഇങ്ങനെ അവസാനിക്കരുതായിരുന്നു ആ ജീവിതം. അത്രമേല്‍ തീക്ഷ്ണവും കഠിനവുമായ വഴികള്‍ നടന്നവരാണ്. വലിയ ദുഃഖമുണ്ട് പക്ഷേ ഇനി ഇങ്ങനെയൊന്ന് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൂടാ. അതിന് വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അനന്യയുടെ അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികള്‍”