മുംബൈ: അശ്ലീല വീഡിയോ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്നായി പൊലീസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു.

അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വീഡിയോകള്‍ സൂക്ഷിച്ചിരുന്ന കമ്ബ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും.

രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അശ്ലീല സിനിമകളുടെ നിര്‍മാണം, വിപണനം, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച്‌ ഒട്ടേറെ വിവരങ്ങള്‍ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണിപ്പോള്‍ മൊബൈല്‍ ഫോണ്‍.

കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിക്ക് അശ്ലീല വിഡിയോ റാക്കറ്റുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ വിവരമെന്ന് പൊലീസ് അറിയിച്ചു.

ഈ ദിശയിലെ അന്വേഷണവും തുടരുകയാണ്. ഇരുവര്‍ക്കും സംയുക്തമായുള്ള ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവില്‍ ലഭിച്ച വിവരം.

തന്നെ നിര്‍ബന്ധിച്ച്‌ അശ്ലീല ചിത്രങ്ങളില്‍ കുന്ദ്ര അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് വ്യക്തമാക്കി.

ഇദ്ദേഹത്തിന്റെ ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.