കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും. മാര്‍ച്ചുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുവാനാണ് തീരുമാനം. ദില്ലി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആ സാഹചര്യം തടയുവാന്‍ കിസാന്‍ സംയുക്ത മോര്‍ച്ചയും മുന്‍കരുതലിലാണ് ഉള്ളത്.ഇരുന്നൂറ് കര്‍ഷകര്‍, അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാകും പ്രതിദിനം സമരത്തില്‍ പങ്കെടുക്കുക. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനായാണ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ ലിസ്റ്റും തിരിച്ചറിയല്‍ രേഖയും സഹിതം പൊലീസിന് കൈമാറും. മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടികള്‍. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമേ മാര്‍ച്ചില്‍ പങ്കെടുക്കുകയുള്ളു.