കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ (kochi actress attack case) വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.

ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാൻ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. 11 പ്രതികളുള്ള കേസിൽ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.

കേസിനാസ്പദമായ സംഭവം

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പൊലീസിൽ പരാതിപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി. ഒളിവിലായിരുന്ന പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും ഫെബ്രുവരി 23 നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്.

ജഡ്ജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഇവർ കീഴടങ്ങാനെത്തിയത്. ഈ സാഹചര്യം പൊലീസിന് തുണയായി. അറസ്റ്റിലായ പൾസർ സുനി 50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് ഫെബ്രുവരി 24 ന് മൊഴിനൽകി.

ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.