ബീജിംഗ്: കോവിഡിന് പിന്നാലെ ചൈനയില്‍ ഭീതി വിതച്ച്‌ പ്രളയം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടമാണ് ചൈനയില്‍ ഉണ്ടായിരിക്കുന്നത്. സെങ്‌സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ നിന്നും പുറത്തുവരുന്നത്.

ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്‌വെയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആശയ വിനിമയ, ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും താറുമാറായി. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നിരുന്നു. 1.6 ട്രില്യണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അണക്കെട്ടുകളാണ് തകര്‍ന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ മഴക്കെടുതി രൂക്ഷമാണ്. ഇതിന്റെ ഭാഗമായി സീയിച്യൂനാലിലുള്ള 14 നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇവിടെ നിന്നും ആയിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.