സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന്. സൗബിന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാര്‍ഥ് ഭരതന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ നാലാമത്തെ ചിത്രമാണിത്. കാസര്‍കോടിന്‍റെ അലിഖിതമായ ചില കീഴ് വഴക്കങ്ങള്‍ക്കു കൂടി പ്രാധാന്യത്തോടെ ഒരു സാധാരണക്കാരനായ യുവാവിന്‍റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, തരികിട സാബു, ജാഫര്‍ ഇടുക്കി, കലിംഗശശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസ്&ഡി 14 എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.