ഔദ്യോഗിക തുടക്കത്തിന് മുന്‍പേ ഒളിംപിക്സില്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ വനിത ലോകകപ്പ് ജേതാക്കളായ അമേരിക്കയെ അട്ടിമറിച്ചു സ്വീഡന്‍. ഒളിംപിക്സ് ഫുട്ബോളില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് വനിത ലോകചാംപ്യന്മാരെ സ്വീഡന്‍ വനിതകള്‍ വീഴ്ത്തിയത്.

സ്റ്റീനാ ബ്ളാക്സ്റ്റേനിസ് രണ്ടു ഗോളും ലീന ഹാര്‍ട്ടിഗ് ഒരു ഗോളുമായി സ്വീഡന് വിജയപാതയൊരുക്കി. ഉദ്ഘാടന പോരാട്ടത്തില്‍ ഇംഗ്ലണ്ട് 2-0ന് ചിലിയെ തോല്‍പ്പിച്ചു. എലന്‍ വൈറ്റ് രണ്ടും ഗോളും വീഴ്ത്തി. ബ്രസീല്‍ വനിതകള്‍ അഞ്ച് ഗോളുകള്‍ക്കാണ് ചൈനയെ വീഴ്ത്തിയത്. ഗോള്‍ മഴ പെയ്തിറങ്ങിയ പോരാട്ടമായിരുന്നു നെതര്‍ലന്‍ഡ് – സിംബാവേയും തമ്മില്‍. നെതര്‍ലന്‍ഡ് 10-3 ന് ആണ് സിംബാവേയെ തകര്‍ത്തത്. ആസ്ത്രേലിയ 2-1 ന് ന്യൂസിലന്‍ഡിനെ വീഴ്ത്തി. സ്വന്തം നാട്ടിലെ ഒളിംപിക്സില്‍ ആദ്യമത്സരത്തിനിറങ്ങിയ ജപ്പാന്‍ വനിതകള്‍ കാനഡയോട് സമനില തെറ്റാതെ പിടിച്ചു. ഇരു ടീമും 1 – 1 സമനില പാലിച്ചു.