ന്യൂഡല്‍ഹി: ജന്തര്‍ മന്ദിറില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക പാര്‍ലമെന്റ് (കിസാന്‍ സന്‍സദ്) സംഘടിപ്പിക്കുക.

കര്‍ഷകരുടെ പ്രതിഷേധത്തിന് പോലിസും അനുവാദം നല്‍കിയിട്ടുണ്ട്. ജനുവരി 26-ന് സംഭവിച്ചതുപോലെ പ്രതിഷേധങ്ങള്‍ കൈവിട്ടുപോകാതിരിക്കാനായി പോലിസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഡല്‍ഹി പോലിസിനേയും കേന്ദ്ര സേനയേയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുളളത്. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്ന ദിവസം വരെ കര്‍ഷക പാര്‍ലമെന്റ് നടക്കും. വൈകീട്ട് അഞ്ച് മണിയോടെ കര്‍ഷകര്‍ പിരിഞ്ഞു പോകുന്ന രീതിയില്‍ പരിപാടി നടത്താനാണ് അനുമതി.

സമരത്തിന്റെ ഭാഗമായി സിംഘു ബോര്‍ഡറില്‍ നിന്നും 200 അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ ദിവസവും പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്താനാണ് കര്‍ഷക സംഘങ്ങളുടെ തീരുമാനം. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പോലിസ് സംരക്ഷണയിലായിരിക്കും മാര്‍ച്ച്‌ നടത്തുക.

നാളെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആസ്ഥാനത്ത് നിന്നും നാല് ബസ്സുകളിലായാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പോവുക. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കുമെന്നും പോലിസ് തടഞ്ഞാല്‍ സ്വയം അറസ്റ്റ് വരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.