തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും. ആ​ഗസ്ത് 18 വരെയാണ് സഭ സമ്മേളിക്കുക. നിരവധി നിയമ നിര്‍മ്മാണങ്ങള്‍ നിയമസഭയുടെ പരിഗണനയില്‍ വരും. നേരത്തെ പാസാക്കിയ 43 സുപ്രധാന ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. മുന്‍പ് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകളും അവയുടെ വിവിധ ഘട്ടങ്ങളും പ്രസിദ്ധീകരിക്കാനുള്ള 43 ബില്ലുകളും സഭ കാലയളവില്‍ പരിഗണിക്കും.

കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ജനജീവിതത്തെ താറുമാറാക്കിയ ഘട്ടത്തില്‍ നിരവധി പദ്ധതികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും രണ്ടാം സമ്മേളനം സാക്ഷ്യംവഹിക്കും.

അതേസമയം പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടതിന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. വനം മന്ത്രിയായി നാളെ നിയമസഭയില്‍ ശശീന്ദ്രന്‍ ഉണ്ടാകരുതെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രം​ഗത്തെത്തിയിരുന്നു. ശശീന്ദ്രനെ മന്ത്രിസഭിയില്‍ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്നു കാണുകയാണെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.