എറണാകുളം റെനെ മെഡിസിറ്റി ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി മരിച്ച നിലയില്‍ കണ്ടെത്തിയ അനന്യ കുമാരി അലക്‌സിന്റെ സുഹൃത്തുക്കള്‍. അനന്യ വൃത്തിഹീനമായ രീതിയില്‍ സെക്‌സ് വര്‍ക്കിന് പോയെന്നാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ആരോപണം. അത് അംഗീകരിക്കാന്‍ സാധിക്കില്ല. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒന്നടങ്കം അപമാനിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധം ഉയരും. അനന്യയ്ക്ക് നീതി ലഭിക്കണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ആത്മഹത്യയാണ് മരണമെന്നതില്‍ ദുരൂഹതയുണ്ട്. മെഡിക്കല്‍ അശ്രദ്ധയെ കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കില്‍ വിശകലനം നടത്തി നിയമനടപടി സ്വീകരിക്കണം. അനന്യ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒന്നും പരാതി നല്‍കിയിട്ടില്ല. ഇന്നലെ തിരുവനന്തപുരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടന മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നല്‍കിയിരുന്നു. മന്ത്രിതലത്തില്‍ തീരുമാനം ഉണ്ടായത് ആശ്വാസകരമായി.

ഇന്നലെ പാലാരിവട്ടത്തും പരാതി നല്‍കി. റെനെ മെഡിസിറ്റിയില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശസ്ത്രക്രിയ ഉണ്ടാകില്ല.
ആരും ഇതുവരെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അനന്യ ഒരു പോരാളിയാണ്. നീതിനിഷേധം ഉണ്ടായെന്നു പറയാനുള്ള ആര്‍ജവം കാണിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടന്നതില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതല്ലാതെ ശസ്ത്രക്രിയ നടന്ന് പ്രശ്‌നങ്ങളുണ്ടായതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആശുപത്രി അധികൃതര്‍ മര്‍ദിച്ചതായി അനന്യ പറഞ്ഞിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. രേഖമൂലമാണ് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ അതില്‍ നടപടി ഉണ്ടായതായി അറിയില്ല.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രോട്ടോക്കോള്‍ സര്‍ജറി നടത്തിപ്പിനായുണ്ട്. ഒരു ഡോക്ടര്‍ പാനലിനെ കണ്ടതിന് ശേഷം നടത്തേണ്ട സര്‍ജറിയാണിത്. പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതും ചോദ്യമാണ്. കൗണ്‍സിലിംഗ് ലഭിച്ചില്ലെന്നായിരുന്നു അനന്യയുടെ പ്രതികരണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിനെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.