ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച്‌ ഈ വര്‍ഷത്തെ നടക്കാനിരിക്കുന്ന പരമ്പരകള്‍ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് മികവുറ്റ ടീമിനെ വാര്‍ഞ്ഞെടുക്കുക എന്നതാണ് ബി സി സി ഐയുടെ പ്രധാന ലക്ഷ്യം. ഇത്തവണത്തെ ടി20 ലോകകപ്പ് യു എ ഈയിലും ഒമാനിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് നടക്കുക. എന്നാല്‍ ഇതിന് മുന്‍പായി ഇന്ത്യക്ക് അധികം പരിമിത ഓവര്‍ പരമ്പരകള്‍ ഷെഡ്യൂളില്‍ ഇല്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്ബരകള്‍ മാത്രമാണ് ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് മുന്നില്‍ ആകെയുള്ളത്.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങള്‍ക്കായി ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ബി സി സി ഐ അയച്ചിരിക്കുന്നത്. സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയ, സീനിയര്‍ താരങ്ങളും ടീമിലുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോള്‍ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ‘ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി ഉപനായകന്‍ രോഹിത് ശര്‍മ സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചതാണ്. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നാണ് വസിം ജാഫര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശിഖര്‍ ധവാന്റെ പ്രകടനം രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും നിഴലില്‍ ഒതുങ്ങുകയാണെന്നും വസിം ജാഫര്‍ പറഞ്ഞു. ഒന്നാം നമ്പര്‍ ടീമെന്ന നിലയിലേക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലൂടെ ഇന്ത്യ വളര്‍ന്നുവന്ന വഴി നോക്കുക. അതില്‍ വളരെയധികം പങ്ക് ശിഖര്‍ ധവാന്റേതായുണ്ട്. അവന്റെ പ്രകടനങ്ങള്‍ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും നിഴലില്‍ ഒതുങ്ങുന്നതായി തോന്നിയിട്ടുണ്ട്. ഇരുവരും അതുല്യ പ്രതിഭകളാണ്. എന്നാല്‍ ശിഖര്‍ ധവാനെ വേണ്ട പോലെ പരിഗണിക്കുന്നില്ല. 2021ലെ ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ധവാന്‍’-വസിം ജാഫര്‍ പറഞ്ഞു.

‘ടി20 ലോകകപ്പില്‍ ധവാനെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. അവസാന രണ്ട് വര്‍ഷത്തെ അവന്റെ ഐ പി എല്ലിലെ പ്രകടനം നോക്കുക. രോഹിതിന്റെ ഓപ്പണിങ് സ്ഥാനത്തിന് ഭീഷണിയില്ല. രാഹുല്‍ അവസരം തേടുന്നുണ്ട്. ഓപ്പണറാവാന്‍ ആഗ്രഹിക്കുന്നുവെന്ന് കോഹ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വി ഷാ ഭാവിതാരമായി വളര്‍ന്നുവരുന്നു. എന്നാല്‍ ടി20, 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുന്ന താരമല്ല ധവാന്‍’- വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.