കോള്‍ഡ് കേസിന് പിന്നാലെ വീണ്ടും പൊലീസുകാരനായി പൃഥ്വിരാജ് സുകുമാരന്‍. കേരള പൊലീസ് നിര്‍മ്മിച്ച ‘ട്രാപ്പ്’ എന്ന ഹ്രസ്വ ചിത്രത്തില്‍ പൊലീസ് ഓഫീസറായി ശബ്ദം നല്‍കിയിരിക്കുന്നത് പൃഥ്വിയാണ്. ‘ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന വീഡിയോയാണ് ട്രാപ്പ്.’കരുതിയിരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളേറെയാണ്… സൗഹൃദം സ്ഥാപിച്ച് വിലപേശുകയും, ജീവന് വരെ വിലയിടുകയും ചെയ്യുന്ന ‘ട്രാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സംവിധായകനും നടനുമായ റാഫിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രസാദ് പരപ്പുറത്ത് ശരത് കോവിലകം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അരുണ്‍ വിശ്വൻ ആണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൻ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിക്കുന്നതും തുടര്‍ന്നു നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.