ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിൻ്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിൽ. 101 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ 75 റൺസ് നേടി പുറത്തായി. കൗണ്ടി ഇലവനായി ക്രെയ്ഗ് മൈൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാന് കരകയറ്റിയത്. 107 റൺസിൻ്റെ മികച്ച കൂട്ടുകെട്ടിൽ ഇവർ പങ്കാളിയായി. ഇതിനിടെ 150 പന്തുകളിൽ സെഞ്ചുറി നേടിയ രാഹുൽ റിട്ടയർഡ് ഔട്ടായി മടങ്ങി. പിന്നീട് ആറാം വിക്കറ്റിൽ ശർദ്ദുൽ താക്കൂറിനെ കൂട്ടുപിടിച്ച ജഡേജ ഫിഫ്റ്റി തികച്ചു. 50 റൺസ് കൂട്ടുകെട്ടും ഈ സഖ്യം തികച്ചു. പിന്നാലെ താക്കൂർ (20) മടങ്ങി. അക്സർ പട്ടേൽ (0) വന്നതും പോയതും പെട്ടെന്നായിരുന്നു. ഏറെ വൈകാതെ ജഡേജയും (75) മടങ്ങി. ഉമേഷ് യാദവിനും (12) പിടിച്ചുനിൽക്കാനായില്ല. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ജസ്പ്രീത് ബുംറ (3), മുഹമ്മദ് സിറാജ് (1) എന്നിവരാണ് ക്രീസിൽ