പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളും പട്ടികയിലെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയുടേതടക്കം 14 ലോകനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരടക്കം 34 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ പട്ടികയിലുണ്ട്.

രാഷ്ട്രത്തലവന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, പട്ടാള മേധാവിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരുടെ പേരുകളാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലാബ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളും ഫോണ്‍ ചോര്‍ത്തലിന് ഇരകളായെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോക നേതാക്കളുടെ പേരുകളും പുറത്തുവന്നത്.

കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍, ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പേര് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.രോഹിണി സിംഗ് ഫോണ്‍ ചേര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത് രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു. ദി വയറിന് വേണ്ടി ആയിരുന്നു രോഹിണിയുടെ അന്വേഷണം.

റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഭാഗമായ സുശാന്ത് സിംഗിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു. ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയിലുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിനെതിരായി സുപ്രധാന വാര്‍ത്തകള്‍ പുറത്തുവിട്ടവരാണ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇസ്രായേല്‍ കമ്പനി ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍.