കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനയും ഇരുട്ടടിയായപ്പോള്‍ സ്വന്തം വാഹനം വില്‍ക്കേണ്ടിവന്ന വേദന പങ്കുവെയ്ക്കുകയാണ് ഫാസില്‍ മായനാട് എന്ന യുവാവ്. സ്കൂള്‍ ട്രിപ്പ്‌ ആയിരുന്നു വരുമാന മാര്‍ഗം. 2020 മാര്‍ച്ചില്‍ കൊറോണ ഈ ലോകത്തെ പിടിച്ചുലച്ചപ്പോള്‍ സ്കൂളുകള്‍ പൂട്ടി, വരുമാനം നിലച്ചു. പിന്നീട് ദുരിതകാലമായിരുന്നുവെന്ന് ഫാസില്‍ പറയുന്നു. വണ്ടി കട്ടപ്പുറത്തായി. ബാങ്കിലെ അടവ് മുടങ്ങി. പലിശയും കൂട്ടുപലിശയും കൂടി വലിയൊരു തുകയായി. വണ്ടിയുടെ ടാക്സും ഭീമമായ ഇന്‍ഷുറന്‍സും തെറ്റി. ഡീസല്‍ വില വര്‍ധന കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. തന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന വാഹനം ചങ്ക് പൊട്ടുന്ന വേദനയോടെ വിറ്റുവെന്നും യുവാവ് വേള്‍ഡ് മലയാളി സര്‍ക്കിളില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇനിയില്ല കൂടെ

ആദ്യമായി സ്വന്തമാക്കിയ നാലുചക്ര വാഹനം. കൂടെ കൂടിയിട്ട് നാലുവര്‍ഷത്തിലേറെ. അതില്‍ രണ്ടര വര്‍ഷം എന്നെയും കുടുംബത്തെയും പട്ടിണിയില്ലാതെ നോക്കി. സ്കൂള്‍ ട്രിപ്പ്‌ ആയിരുന്നു വരുമാനമാര്‍ഗം. വീടുവെക്കാന്‍ എടുത്ത ബാങ്ക്‌ലോണ്‍ അല്ലലില്ലാതെ അടക്കാന്‍ എന്നെ സഹായിച്ചു, 2020 മാര്‍ച്ചില്‍ കൊറോണ ഈ ലോകത്തെ പിടിച്ചുലച്ചപ്പോള്‍ സ്കൂളുകള്‍ പൂട്ടി,വരുമാനം നിലച്ചു. പിന്നീടുള്ളത് ദുരിതകാലമായിരുന്നു. വണ്ടി കട്ടപുറത്തായി. ബാങ്കിലെ അടവ് മുടങ്ങി. പലിശയും കൂട്ടുപലിശയും കൂടി വലിയൊരു തുകയായി. വണ്ടിയുടെ ടാക്സും ഭീമമായ ഇന്‍ഷുറന്‍സും തെറ്റി. മുന്നോട്ടുള്ള ജീവിതം വഴിമുട്ടി. ഇനിയുള്ള ഏകവഴി ബാങ്കിലെ പലിശയിലേക്ക് അല്‍പം ആശ്വാസമാവാന്‍ വണ്ടി വില്‍ക്കുക എന്നതാണ്. പക്ഷെ ഒരു ചിറകരിഞ്ഞു കൊടുക്കാന്‍ മനസ്സ് കൊണ്ട് പറ്റാത്തൊരവസ്ഥ. ഒരുപാട് ഓര്‍മകള്‍, യാത്രകള്‍, സൗഹൃദങ്ങള്‍, കാഴ്ചകള്‍, അനുഭവങ്ങള്‍ അങ്ങനെ സന്തോഷം നല്‍കിയ ഒത്തിരി നിമിഷങ്ങള്‍ എല്ലാം വെറും ഓര്‍മകളായി നൊമ്ബരമായി മാറുന്നത് മാനസികമായി തളര്‍ത്തി.

പക്ഷെ സാധാരണക്കാരന്‍റെ വയറ്റത്തടിച്ചു ഡീസലിന്‍റെ ദിവസം തോറുമുള്ള വില വര്‍ധനവും ഭീമമായ ഇന്‍ഷുറന്‍സും ടാക്സും ഇപ്പോള്‍ ഈ വാഹനത്തിന് ഒരു ആവശ്യവുമില്ലാത്ത 7000 രൂപ മുടക്കി ജിപിഎസ് സംവിധാനവുമായി മുന്നോട്ടു പോവാനും കഴിയാത്തൊരവസ്ഥ. ബാധ്യതകള്‍ തീരില്ല. പക്ഷെ വണ്ടി കൊടുത്തില്ലെങ്കില്‍ ബാധ്യത കൂടുകയേ ഉള്ളൂ. എന്‍റെ മാത്രമല്ല ഉപജീവനം ഇങ്ങനെ തേടുന്ന ഒരുപാട് പേരുടെ അവസ്ഥയാണിത്. ഇന്ന് ചങ്ക് പൊട്ടുന്ന വേദനയില്‍ എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന എന്റെ വാഹനം മറ്റൊരാള്‍ക്ക്‌ ഞാന്‍ വിലക്ക് കൊടുത്തു. ഇനി മറ്റാരുടെയോ സ്വന്തമായി ഒരുപാട് ഓര്‍മകളും യാത്രകളുമായി അവനുണ്ടാവും ഈ റോഡില്‍. പക്ഷെ വളയം പിടിക്കുന്നത് മറ്റാരോ ആയിരിക്കും. ആരായാലും യാത്രകള്‍ സന്തോഷമായിരിക്കട്ടെ.