മുംബൈ: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് സച്ചിന്‍ ആശംസകള്‍ നേര്‍ന്നത്. ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് കഴിയട്ടെ എന്ന് സച്ചിന്‍ വീഡിയോയില്‍ പറഞ്ഞു. ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സില്‍ 127 അംഗ സംഘമാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്.

ഗെയിംസില്‍ ഏറ്റവുമധികം പങ്കെടുത്ത പങ്കാളിത്തമാണ് ഇത്തവണത്തേത്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മികച്ച രീതിയില്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യക്ക് ആദ്യമായി ഇരട്ട അക്ക മെഡല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

നേരത്തെ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരും താരങ്ങള്‍ക്ക് ആശംസകളുമായി ബിസിസിഐയുടെ ചിയര്‍ ഫോര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി 10 കോടി രൂപ ധനസഹായം നല്‍കി ഇന്ത്യന്‍ അത്ലറ്റുകളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്തുണച്ചിരുന്നു.