സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘ലൈഫ്’ എന്ന പാർപ്പിട സുരക്ഷാപദ്ധയിൽ 2021 ജനുവരിയോടെ നൂറ് ഭവന സമുച്ചയങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിന് വിവിധ ജില്ലകളിലായി മുന്നൂറോളം സർക്കാർ സ്ഥലങ്ങൾ ലൈഫ് മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറോളം കേന്ദ്രങ്ങളിൽ ഉടനെ നിർമാണം ആരംഭിക്കാൻ കഴിയും. ഏഴ് സമുച്ചയങ്ങളുടെ നിർമാണം ഇതിനകം ആരംഭിച്ചു. ഒമ്പതെണ്ണം ഉടനെ തുടങ്ങും. ഈ 16 സമുച്ചയങ്ങളും 2020 ഡിസംബറിൽ പൂർത്തിയാക്കും. ഇതുകൂടാതെ 15 സമുച്ചയങ്ങൾക്ക് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഒന്നും രണ്ടും ഘട്ടങ്ങളിലായി 2,19,154 വീടുകൾ പൂർത്തിയായിട്ടുണ്ട്. പല കാരണങ്ങളാൽ നിർമാണം മുടങ്ങിപ്പോയ വീടുകളുടെ പൂർത്തീകരണമാണ് ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തത്. ഇതിൽ 52,084 വീടുകൾ പൂർത്തിയായി. ഈ വിഭാഗത്തിലാകെ 54,169 അർഹരെയാണ് കണ്ടെത്തിയത്. ഇതിൽ 96.15 ശതമാനം പൂർത്തിയായി. ബാക്കിയുള്ളതിൽ 1266 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.
രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതിൽ 77,424 വീടുകൾ പൂർത്തിയായി- 81.38 ശതമാനം. ബാക്കിയുള്ള 17,712 വീടുകളിൽ പുതുതായി എഗ്രിമെൻറ് വെച്ച 2065 വീടുകൾ ഒഴികെ ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിൽ നിർമാണ പുരോഗതിയിലാണ്. ഇതു കൂടാതെ പിഎംഎവൈ (അർബൻ)- 48,446, പിഎംഎവൈ (റൂറൽ)- 16,703, പട്ടികജാതി വിഭാഗം- 19,018, പട്ടികവർഗ വിഭാഗം- 1745, മത്സ്യത്തൊഴിലാളി വിഭാഗം- 3734 എന്നിങ്ങനെ വീടുകൾ പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ 3332 കോടി രൂപ ഗുണഭോക്താക്കൾക്ക് ധനസഹായമായി നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിൽ നാലുലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ഈ വിഭാഗത്തിൽ അർഹരായ 1,06,792 പേരെയാണ് കണ്ടെത്തിയത്. ഗുണഭോക്താക്കളുടെ പഞ്ചായത്ത് തലത്തിലെ ലിസ്റ്റ് നോക്കിയപ്പോൾ പല പഞ്ചായത്തുകളിലും അർഹരായവർ കുറവാണ്. ഗുണഭോക്താക്കളുടെ എണ്ണം എൺപതോ അതിൽ കുറവോ ആയ പഞ്ചായത്തുകളിൽ, പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി പ്രത്യേകം വീട് നിർമിച്ചുനൽകാനാണ് ഉദ്ദേശിക്കുന്നത്. 627 പഞ്ചായത്തുകളിൽ ഗുണഭോക്താക്കളുടെ എണ്ണം എൺപതോ അതിൽ കുറവോ ആണെന്നാണ് കണ്ടെത്തിയത്.
പ്രതിസന്ധിക്കിടയിലും 2.19 ലക്ഷം പേർക്ക് ഇതിനകം പാർപ്പിടമൊരുക്കി എന്നത് ഈ രംഗത്ത് സർക്കാർ നടത്തിയ ഇടപെടലിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ലൈഫിൻറെ പുരോഗതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്ലാഘനീയമായ പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.