ബോസ്റ്റണ്‍: പെഗാസസ് സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ആയിരക്കണക്കിനു പേരുടെ ഫോണ്‍ചോര്‍ത്തി. ബ്രിട്ടനിലെ ഗാര്ഡിയന് ഉള്‍പ്പെടെ 17 മാധ്യമസ്ഥാപനങ്ങളുടെ അന്വേഷണത്തില്‍ ഇത് വ്യക്തമായി.
മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്ന പുതിയ ആയുധമാണ് ഇസ്രയേലിലെ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച കുപ്രസിദ്ധമായ സോഫ്റ്റ്വേര്‍ എന്ന് പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഫോര്‍ബിഡന്‍ സ്റ്റോറീസ് അറിയിച്ചത്. ലോകമെന്പാടുമായി 180 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്സന്ദേശങ്ങളെങ്കിലും ചോര്‍ത്തിയിട്ടുണ്ടെന്നു അവര്‍ കണ്ടെത്തി.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും ഇതേ നിലപാടിലാണ്. 2018 ല്‍ ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് വധിക്കപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ ഭാവിവധു ഹാറ്റിസ് സെഞ്ചിസിന്റെ ഫോണിലും പെഗാസസ് ഘടിപ്പിച്ചിരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. ഇതില്‍ എന്‍എസ്ഒയ്ക്കു പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എന്‍എസ്ഒ നിഷേധിച്ചു .
വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമ്പത് രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ വ്യക്തികളുടെ ഫോണുകളില്‍ പെഗാസസ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ്. 189 മാധ്യമപ്രവര്‍ത്തകരും രാഷ്ട്രയനേതാക്കളും ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടെ 600 ഓളംപേരും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 65 വ്യവസായ പ്രമുഖരുടെയും 85 മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഒട്ടേറെ ഭരണാധികാരികളുടെയും ഫോണുകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്. ദ് ഫിനാന്‍ഷല്‍ ടൈംസ് ,അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ്, സിഎന്‍എന്‍, ദ് വാള് സ്ട്രീറ്റ് ജേര്‍ണല്‍, തുടങ്ങിയവയിലെ മാധ്യമപ്രവര്‍ത്തരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ട്.



