വാഷിങ്ടന്‍: 2008 മുംബൈ ഭീകരാക്രമണക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന തഹാവുര്‍ ഹുസൈന്‍ റാണ(59) യുഎസില്‍ വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ പത്തു വര്‍ഷമായി സതേണ്‍ കലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്റ് ജയിലില്‍ ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്ന റാണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.

ഇന്ത്യയില്‍ വിചാരണ നേരിടുന്നതിനാലാണ് ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ റാണയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇയാളെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന.

റാണയുടെ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ അവസാനിക്കുന്നത് 2021 ഡിസംബറിലാണ്. ഇതിനു മുമ്ബു തന്നെ റാണയെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നു സൂചനകള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ചിക്കാഗോ സ്വദേശിയായ റാണയെ 2009-ലാണ് അറസ്റ്റ് ചെയ്തത്. 2013-ല്‍ റാണയ്ക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ചു.

ശിക്ഷാകാലാവധി അവസാനിക്കുന്നതിനു മുമ്ബ് റാണയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ട്രംപ് ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ നീക്കം നടത്തിയിരുന്നു. പാക്ക് വംശജനായ റാണയ്ക്ക് കനേഡിയന്‍ പൗരത്വമാണുള്ളത്. മുംബൈ ഭീകരാക്രമണക്കേസില്‍ റാണയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ യുഎസിനു കൈമാറിയെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.