കൊച്ചി: പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലേക്കു പ്രവേശിച്ച ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഈ കാലയളവില്‍ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
ഇരുപതു വര്‍ഷം മുമ്പ് നിരാലംബരായ ഏഴ് കുട്ടികള്‍ക്ക് പോളിസികള്‍ നല്‍കിക്കൊണ്ടാണ്  കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ പ്രവര്‍ത്തനവര്‍ഷത്തില്‍തന്നെ മാനേജ് ചെയ്യുന്ന ആസ്തി 100 കോടി രൂപ കവിഞ്ഞിരുന്നു.  2009-10 സാമ്പത്തികവര്‍ഷത്തില്‍ ഇത് 50000 കോടി രൂപയിലേക്ക് ഉയര്‍ന്നു.  2015 ഫെബ്രുവരിയില്‍  ഒരു ലക്ഷം കോടി രൂപയിലെത്തി. ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാറുകയും ചെയ്തു.

മാനേജ് ചെയ്യുന്ന ആസ്തിയുടെ വലപ്പം  രണ്ടു ലക്ഷം കോടി രൂപയിലെത്തിയത് കമ്പനിയുടെ ചരിത്രത്തിലെ നാഴികക്കല്ലു മാത്രമല്ല,  ഉപഭോക്താക്കളുടെ കമ്പനിയിലുള്ള വിശ്വാസത്തിന്റേയും കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത  സമീപനത്തിന്റേയും സൂചനകൂടിയാണെന്ന്  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍. എസ്. കണ്ണന്‍ പറഞ്ഞു. ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതില്‍ തുടര്‍ന്നും കമ്പനി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും കണ്ണന്‍ വ്യക്തമാക്കി.

ഇരുപതു വര്‍ഷത്തെ യാത്രയില്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കുവാന്‍ കമ്പനിക്കു സാധിച്ചു. ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.