കോഴിക്കോട്: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര വാഹനാപകടനത്തിന് ശേഷം കവര്‍ച്ചാസംഘം രക്ഷപ്പെട്ട കാ‍ര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടുപേര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒരു ഒഴിഞ്ഞ പറമ്പില്‍ കാര്‍ കിടക്കുന്നതായി നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നിന്നുളള പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.

ഇതിനിടെ രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. റെയ്ഡില്‍ രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല. പരിശോധനാ സമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല.

അര്‍ജുന്‍ ആയങ്കിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.