കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍. എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പുനസംഘടനയുണ്ടാകുമെന്ന് ആദ്യം തന്നെ പ്രസ്താവന നടത്തിയ കെ സുധാകരന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് തലസ്ഥാനത്തുണ്ടായിട്ടും മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണമെന്നാണ് സൂചന. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന കെപിസിസിയുടെ ആദ്യ യോഗമാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. കെപിസിസി, ഡിസിസി പുനസംഘടന പ്രധാനമായും ലക്ഷ്യം വച്ചാണ് ഇന്നത്തെ യോഗം.

എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. ആമുഖ പ്രഭാഷണം നടത്തിയ കെ സുധാകരന്‍ മുന്നോട്ടുവച്ച നിര്‍ദേശം ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നതാണ്. ഒപ്പം ഭാരവാഹിപ്പട്ടിക 51 ആയി ചുരുക്കണമെന്ന അദ്ദേഹത്തിന്റെ നേരത്തെയുള്ള താത്പര്യവും ഇന്നത്തെ യോഗത്തില്‍ നിര്‍ദേശിച്ചു.